Monday, December 2, 2013

ഉറങ്ങട്ടെ ഞാൻ



ഒരു ദിവസം നിദ്രയിലാണു
കാതിനിമ്പമായി കേട്ടതു ഞാൻ
മരങ്ങളുടെ കടയ്ക്കൽ
ഒരിക്കലും ,  മഴു കൊണ്ടു വെട്ടി
മരങ്ങളെ വീഴ്ത്തില്ലെന്ന
പ്രതിജ്ഞയുടെ മുഴക്കങ്ങൾ
പറവകളന്നു കൂടുതൽ
ഉച്ചത്തിൽ ശബ്ദിച്ചും ,
ചിറകടിച്ചു  കൂട്ടമായി
ചില്ലകളിൽ പറന്നിറങ്ങി
ഇലകളെ ചുംബിച്ചു  .

ആകാശ കാഴ്ചകളിൽ
പച്ചപ്പരവതാനി  പോലെ
നിരന്നു നിരന്നു  നില്ക്കും
വൃക്ഷക്കൂട്ടങ്ങളിനിയെത്രയോ
കാലങ്ങൾ അതിജീവിക്കും
പറവകൾ  സന്തോഷിച്ചു
ഒരു വരം പോലെ , പിന്നെ
മഴ മേഘങ്ങളും വന്നെത്തുന്നു
വരണ്ടു വീണ്ടു കീറിയ മണ്ണിൽ
പുതു മഴയിനി പെയ്തിറങ്ങും ;
മരങ്ങൾ സ്നനത്തിനു തയ്യാറായി
ഇലകളും ചില്ലകളുമതു പ്രകടിപ്പിക്കുന്നു

അപ്പോൾ
മുറിവേറ്റു പിടഞ്ഞു വീണ മരങ്ങളുടെ
നിശബ്ദ നിലവിളികൾ
ഓർത്തു പോകയായി ഞാൻ
വിരലിലെണ്ണവുന്നവരുടെ
കൂട്ടങ്ങളന്നു മരങ്ങളുടെ
പ്രാണനായി യാചിച്ചു
ജീവൻ നിലനിറുത്തുന്നതിനു
പറവകൾ ഫലങ്ങൾ
ചുണ്ടു കൊണ്ടടർത്തി
ശ്രദ്ധപൂർവ്വം ഇടുമായിരുന്നു
എപ്പോഴോ അവരെത്തി
കൊടുങ്കാറ്റു പോലെ
വായ്ത്തല വെട്ടിത്തിളങ്ങും മഴു
മരങ്ങളെ വെട്ടി മുറിവേല്പിക്കുമ്പോൾ
ആകാവുന്ന പോലെ
ഓരോ മരത്തെ ചുറ്റിപ്പിടിച്ചു
അവർ നിന്നതാണു , പിന്നെ
ആഞ്ഞു പതിച്ച മരത്തോടൊപ്പം
വീഴുമ്പോൾ അടർന്നു മാറാതെ
മരത്തിന്റ വേദനയിൽ വേദനിച്ചു

ഉണാരാനുള്ള വ്യഗ്രത
കണ്ണുകളെ ഗ്രസിക്കുന്നു
വേണമെനിക്കുറക്കം
നിദ്രയുടെ പടവിലിരുന്നാൽ
മരങ്ങൾ വെട്ടി വീഴ്ത്തില്ലെന്ന
പ്രതിജ്ഞ കേൾക്കാം ,
പറവകൾ ചില്ലകളിൽ
പറന്നിറങ്ങി ഇലകളെ
മാറി, മാറി ചുംബിക്കുന്നതും കാണാം .

Thursday, August 8, 2013

മഴയെക്കുറിച്ചു്



ആകാശത്തിലെഴുതിയ
കവിതയ്ക്കേഴു വരികൾ
വായിയ്ക്കാൻ തുടങ്ങവേ
കാർ മേഘക്കൂട്ടം മായ്ച്ചു

പെയ്യുന്ന മഴ മധുരതരമായി
ജലതരംഗം വായിക്കുന്നു
ഗ്രീഷ്മ ജ്വാലകളണഞ്ഞ
പ്രകൃതി ലയിച്ചു പാടുന്നു

തോരാ വർഷധാരയിൽ
കുളിച്ചു മാമരങ്ങൾ തല
കുടഞ്ഞു , പച്ചച്ച മുടിയിഴകൾ
കാറ്റിൽ പാറിയുണങ്ങുന്നു .

Friday, July 19, 2013

തൂവലുകൾ തീർത്ത തീക്കുണ്ഡം



കെടാതെ കാത്തു സൂക്ഷിക്കുന്നു
ഒരു മഞ്ഞു കാലത്തെ തീക്കുണ്ഡം
മരം കോച്ചുന്ന തണുപ്പിൽ നമ്മൾ
വിറച്ചു വിറങ്ങലിക്കനല്ലായിരുന്നു
ഈ തീക്കുണ്ഡം തയ്യാറാക്കപ്പെട്ടതു്

അതൊരു മഞ്ഞു കാലമായിരുന്നു
നല്ലതു പോലെ ചൂടേല്ക്കനായി
കൊതിച്ചു പോകുന്ന മഞ്ഞുകാലം
കൈവെള്ളയിൽ നിന്നുമെന്റെ
കൊച്ചു ജീവിത പ്രതീക്ഷകളെല്ലാം
ഉതിർന്നു പോയ ഒരു ശൈത്യ കാലം
അന്നാണു നീയൊരു പറവയായി
എന്നിൽ നിന്നും പറന്നകന്നതും
നിന്റെ തൂവലുകളെന്നിൽ ; തീക്കുണ്ഡം
ആ , മഞ്ഞു കാലത്തു തീർത്തതും

അണയാതെ കത്തിയുയരും തീനാളം
നിന്റെ സ്മരണകളെ ചിലപ്പോൾ
പുനർജ്ജനിപ്പിക്കും , അതിനാൽ
അണയ്ക്കാതെ തീക്കുണ്ഡത്തെ
ഉള്ളിൽ കാത്തു സൂക്ഷിക്കുന്നു ഞാൻ
അതു തീർത്തതു , നീ പറന്നു പോയതും
ഉതിർന്നു വീണ നിന്റെ തൂവലുകളല്ലോ.

Thursday, July 11, 2013

ആകാശങ്ങളുടെയകലെയാണു പ്രിയൻ


ആലിംഗനത്തിന്റെയൂഷ്മളത
ഒരു അഭിലാഷമനുഭവിക്കുമ്പോൾ
അമൂർത്തമായ പ്രണയത്തിന്റെ
സത്യസന്ധമായ വികാരങ്ങളെന്നിൽ
പകർന്നിടുവൻ വെമ്പൽ കൊള്ളുമ്പോൾ
അവകാശിയായി മനസ്സിൽ മറ്റൊരാളില്ല
ഒരന്യ വസ്തുവായി തീരുന്നു ഞാൻ

ഹാ ! പ്രിയനെ നിനക്കായി രൂപം
പ്രാപിച്ചവളാണല്ലോ ഞാൻ
എന്റെ ഹൃദയത്തിൽ നിറയും നിണമായി
നിന്റെ സാമിപ്യമെന്നെ,  വിലയം ചെയ്യൂ
അപ്പോൾ ആകാശത്തിന്റെയതിരുകൾ
കടന്നു് നിന്റെ കാഴ്ചകളെന്നെ തേടുന്നു
അവിടെ നിന്നു , വിശുദ്ധമായിയെന്നെ വിളിപ്പൂ
ഒരിക്കൽ പുഴകളൊന്നായ മഹാനദിയായി
ജീവിതത്തിന്റെ ധമനികൾ നമ്മൾ തേടി …

വിതുമ്പും ചുണ്ടുകളിലാധിപത്യത്തോടെ
പ്രിയനെ ,ഒരു ദൃഢാലിംഗനത്തിന്റെ
വൃക്ഷ ശിഖരം അമരുമ്പോളെന്റെ
പ്രഥമ രാത്രിയും, ഞാനുംനിശ്ചേതനമാകും
ഒരിക്കലും നീ , അരുതെന്നു പറയരുതേ .

Saturday, July 6, 2013

ഗാന്ധിജിയെ സ്വപ്നംകണ്ട മകൻ


പിതാവിനെ വെട്ടിനുറുക്കി
ഘാതകർ കെന്ന , വേദനകൾ
ചുടല തീർത്തതിൽ കിടന്നു
വേദനിച്ചു പിടഞ്ഞുറങ്ങിയ
മകൻ ഗാന്ധിജിയെ കിനാവു
കണ്ടുണർന്നു പോയി

അവൻ കിടക്ക വെടിഞ്ഞു
കിടപ്പാടം വെടിഞ്ഞു
ചുവന്ന പാതകൾ താണ്ടി
ഗ്രാമങ്ങൾ താണ്ടി
പട്ടണങ്ങൾ താണ്ടി നടന്നു
അവൻ തലയുയർത്തിപ്പിടിച്ചു
നെഞ്ചു വിരിച്ചും കൊണ്ടും
മുന്നോട്ടു പോകുകയാണു്
അച്ഛനെ കൊന്നവർക്കായി
ശിരസ്സും ദേഹവും നേദിക്കാൻ

അവനെ പിന്തുടർന്നു
ആയിരങ്ങൾ തലയുയർത്തി
നെഞ്ചു വിരിച്ചു വരുന്നു
അവരെല്ലാം ഗാന്ധിജിയെ
കിനാവു , കണ്ടവരായിരുന്നു .

Tuesday, July 2, 2013

ഐഎൻഎസു് കുക്രിയുടെ ക്യാപ്റ്റനും രക്ഷപ്പെട്ടോടിയ സന്യാസിമാരും


ആയിരത്തിതൊള്ളിയിരത്തി എഴുപത്തിയൊന്നു്
ഡിസംബർ ഒമ്പതു് , അന്നാണു് പക്കിസ്ഥാന്റെ
സബ് മറൈൻ പിഎൻഎസ് ഹങോർ ഇൻഡ്യ
യുടെ വിഖ്യാതമായ ഐഎൻഎസ് കുക്രിയെന്ന
പടക്കപ്പൽ മുക്കിയതു് . ടോർപ്പിഡോ തുളഞ്ഞു
കയറിയ കുക്രിയിൽ നിന്നും രക്ഷപ്പെട്ട കമാ
ണ്ടർ മനു ശർമ്മ കപ്പലിന്റെ ക്യാപ്റ്റൻ മഹേന്ദ്ര
നാഥ് മുല്ല വീര ചരമം വരിച്ചതു് ഇങ്ങനെയാണു്
വിവരിച്ചതു് . "ഞാൻ കടലിൽ പൊന്തികിടന്നു
നോക്കുമ്പോൾ ക്യപ്റ്റൻ കപ്പലിന്റെ മുകളിൽ
റെയിലിങിൽ പിടിച്ചു നില്ക്കുന്നു.ചുണ്ടിൽ ഒരു
സിഗാർ എരിയുന്നുണ്ടു് . സുസ്മേര വദനനായി
ആ കപ്പലിനോടൊപ്പം ക്യപ്റ്റൻ മഹേന്ദ്ര നാഥ്
മുല്ല അറബിക്കടലിന്റെ അഗാധതയിൽ
വിലയം പ്രാപിക്കുന്നതു ഞാൻ കണ്ടു".

പതിനൊട്ടു ഓഫീസർമാരെയും നൂറ്റിയെഴുപ
ത്തിയാറു സെയിലർമാരെയും കുക്രിയെയും
ഒറ്റയ്ക്കാക്കി രക്ഷപ്പെടാൻ ക്യാപ്റ്റൻ മഹേന്ദ്ര
സിംഗ് മുല്ല ഒരുക്കമല്ലായിരുന്നു . രക്ഷ
പ്പെടാൻ ആവർത്തിച്ചുള്ള സഹപ്രവർ
കരുടെ യാചന നിരസിച്ചു് അദ്ദേഹം മരണം
വരിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചു് ഡക്കിൽ
നിന്നും എടുത്തു ചാടിയാൽ അദ്ദേഹത്തിനു
രക്ഷപ്പെടാമായിരുന്നു .

ഉത്തര ഖണ്ഡിൽ പ്രകൃതി ക്ഷോഭത്തിൽ
ആയിരങ്ങൾ പിടഞ്ഞു മരിച്ച ദുരന്ത ഭൂമിക
യിൽ നിന്നും സ്വജീവൻ മാത്രം രക്ഷിക്കാൻ
ആർത്തി കാണിച്ച സന്യാസിമാരുടെ സ്വർ
ത്ഥ ലാഭേച്ഛ അവർ തന്നെ വിവരിച്ചപ്പോൾ
മഹത്തായ ഈ വീരമൃത്യു ഓർത്തുപോയി.
എന്താണു് സന്യാസി എന്ന വാക്കിന്റെ
പൊരുൾ എന്നു് ഇപ്പോൾ എന്റെ ചെറു
ബുദ്ധിക്കു പിടികിട്ടുന്നില്ല .

Sunday, June 30, 2013

ഒരു വിവാഹ ഉടമ്പടി



പിതാവേ മകനെയെനിക്കു
പരിണയിച്ചുതരുക, നമുക്കു
വിപ്രലംഭ ശൃംഗരാത്തിന്റെ
നിഗൂഢതകളിലൂടെ , രസാനൂ
ഭൂതികളുടെ മായിക ഗുഹകളി
ലൂടെ സുദീർഘമനവദ്യമാം
സ്വപ്ന സഞ്ചാരങ്ങൾ നടത്തി
നിർവൃതിയൂടെ വിഹായസ്സു്
വപുസ്സു കൊണ്ടു തൊട്ടറിയാം .

പിതാവിന്റെ പ്രായമുള്ള
കാമുകന്റെ പിതാവേ
ഈ തല്പം ഒരു പൂർച്ചകാല
രതി പരിചയത്തിന്റെ
ബോധ തലത്തെ തേടുവാൻ ,

ശേഷിച്ച കാലത്തു പുത്രനു
കനിഞ്ഞു നല്കാൻ നിവേദ്യം
അനുഭവ സമ്പത്തുകളായി
അങ്ങയിൽ നിന്നുമാവോളം
പകർന്നെടുക്കാൻ, പിതാവേ
ഇതായെന്റെ മഞ്ജുശയ്യ .

Tuesday, June 25, 2013

ഹാ ! പ്രൊതിമ



പ്രൊതിമ അമർനാഥിന്റെ
അമര വീഥിയിൽ നിൻ
കാച്ചിലങ്ക ചിതറിത്തെറിച്ച
പ്രകൃതി സംഹാരമന്നു
ഇടിഞ്ഞു വീണ മൺ മലകൾ
കവർന്നെടുത്തു നിൻ
തീർത്ഥാടന മോക്ഷങ്ങൾ
നിലച്ചു പോയ നൂപുരത്തിൻ
പുളക നാദമിന്നും
ചടുല നൃത്തച്ചുവടുകളിളക്കും
സ്മരണ തൻ മണ്ഡപത്തിൽ

കേദരനാഥിൽ , ബദരിയിൽ
ഉയരുന്ന വിലാപങ്ങൾ
ഓർത്തു പോകുന്നു
അഗ്നി നർത്തകി നിന്നുടെ
കാൽച്ചിലമ്പു നിലച്ച ദിനം

മുക്തിയും മോക്ഷവും
മാത്രം തേടിയെത്തിയോർ
ജീവവായു തേടിപ്പിടഞ്ഞു
പിടഞ്ഞു മരിച്ച ദുരന്തം
പ്രകൃതി, എന്തിവ്വിധം
നിർദ്ദയയുടെ താണ്ഡവം
മല പോലെ വളർന്ന
ദുഷ്ടതകൾ , മരണത്തെ
വെല്ലു വിളിക്കുന്നിവിടെ .

Wednesday, June 12, 2013

ശത്രുരാജ്യം


യുദ്ധമില്ലാത്ത ദിനങ്ങൾ
അതു പിന്നെ യുദ്ധമില്ലാത്ത
മുന്നൂറ്റിയറുപത്തിയഞ്ചേകാൽ
വർഷങ്ങളായി പരിണമിക്കുന്നു
എത്രയെത്ര യുദ്ധ സന്നാഹങ്ങൾ
എത്രയോ പരിശീലനങ്ങൾ
പരിശീലനങ്ങളും , സന്നാഹങ്ങളും
അന്തർദ്ദാഹമായി , അടങ്ങതെയെ
ന്നുമുള്ളിനെയസ്വസ്ഥമാക്കുന്ന
യുദ്ധത്തിനായുള്ള അഭിവാജ്ഞയെ
അവസാനിപ്പിക്കാനവയ്ക്കാകില്ല

ശത്രു രാജ്യത്തെയാക്രമിച്ചു
കീഴ്പ്പെടുത്തി സർവ്വാധിപത്യം
സ്ഥാപിക്കുന്നതു സ്വപ്നങ്ങൾ
വല്ലപ്പോഴും നല്കുന്ന യാഥാർത്ഥ്യം
യുദ്ധം ചെയ്യാനുള്ളയാസക്തി
കെട്ടുപാടുകൾ പൊട്ടിച്ച നാളിലാണു
സബോർഡിനേറ്റിന്റെ സഹധർമ്മിണി
ശത്രുരാജ്യമായി പ്രഖ്യപിക്കപ്പെട്ടതു്
 

പോറസിനെ ഒറ്റു കൊടുത്ത
അംബിയെന്ന നൃപനെ പോലെ
ഭർത്താവും ആക്രമണത്തിൽ
ധീരതയോടെ പങ്കു ചേർന്നു
ഓഫീസർമാർ കണ്മുന്നിൽ 

ശത്രു രാജ്യത്തെ കീഴ്പ്പെടുത്തുന്ന
ബാറ്റിൽ , സബോർഡിനേറ്റായ
 ഭർത്താവു് നോക്കി നില്ക്കുന്നു .

Monday, May 27, 2013

ബുൾഡോസർ


ബുൾഡോസറുകൾ
വീടുകളെ ചവച്ചു തുപ്പുന്നു
നാളെ ഇവിടെ
നീണ്ടു നിവർന്നു കിടക്കും
എക്സ്പ്രസ് പാത

വീടു നഷ്ടപ്പെട്ടവരെ
പരിഹസിച്ചു പായും
ഇരുനൂറ്റമ്പതു
കിലോ മീറ്റർ വേഗത്തിൽ
കൊട്ടാര കാറുകൾ

അപ്പോൾ, നഷ്ടപ്പെട്ട
വീടിനെയോർത്തു്
അവർ ശപിക്കുന്നതു് ,
പാവം ബുൾഡോസറിനെ .

Sunday, May 12, 2013

ഗുരുനാഥനും ശിഷ്യയും



വരൂ വീട്ടിലേക്ക്
ഗുരു നാഥൻ പതിഞ്ഞ
ശബ്ദത്തിൽ വിളിച്ചു
ചരിത്രം പഠിപ്പിക്കുമ്പോൾ
ഗുരു നാഥന്റെ
ശബ്ദത്തിനു് പെരുമ്പറയുടെ
മുഴക്കമുണ്ടായിരുന്നതു്
അവളേർത്തു പോയി
പുതിയ പാഠങ്ങൾ
പഠിപ്പിച്ചു താരാമെന്നു
പറയുമ്പോൾ
ഗുരുനാഥന്റെ കണ്ണുകളിൽ
യാചനയായിരുന്നു
ക്ലാസ്സിൽ പേടിപ്പിക്കുന്ന
ഭാവമായിരുന്നു
ഗുരുനാഥന്റെ നോട്ടത്തിനു്
ചരിത്രത്തിന്റെ
ഏതദ്ധ്യായമായിരിക്കും
ഗുരുനാഥൻ
തനിക്കു പറഞ്ഞു തരുന്നതു്
പിന്നാലെ നടക്കുമ്പോൾ
ഗുരുനാഥനോടു്
അവൾ ഒടുവിൽ ചോദിച്ചു .

Friday, May 3, 2013

ദൂരദർശിനിയും മഴമേഘങ്ങളും



ദൂരദർശിനിയിലൂടെ
മഴമേഘങ്ങളെ
ഞാൻ തിരയുകയാണു്
സൂര്യാഘാതം
പൊള്ളിക്കുന്നതു്
ഭൂമിയെയാണല്ലോ

ദൂരദർശിനി
വിദൂരതയുടെ അതിരുകൾ
കടന്നു് എന്റെ കാഴ്ചയെ
കൊണ്ടു പോയി
എവിടെ മഴമേഘങ്ങൾ
ദൂരദർശിനിയിലൂടെ
ഞാൻ കാണുന്നു
മഴമേഘങ്ങൾ ഭൂമി കടന്നു്
ചൊവ്വയിവും ശനിയിലും
ചെന്നെത്തുന്നതു്

അവിടെ പെയ്യും ഇനി മഴ
അവിടെ തളിർക്കും
മരങ്ങളും ചെടികളും
അവിടെ ഒഴുകിടും
അരുവിയും പുഴയും .

Sunday, April 28, 2013

പ്രതിമയും ശില്പിയും



രു സ്ത്രീയുടെ പൂർണ്ണകായ പ്രതിമ
നിർമ്മിച്ചു പൂർത്തിയാകുകയാണു്
ശില്പിയുടെ കണ്ണുകളിൽ ഇപ്പോൾ
പ്രതീക്ഷയുടെ തിളക്കം കാണാം
ഒരു കൂറ്റൻ കരിങ്കല്ലിനു വന്ന രൂപ
പരിണാമം ശില്പിയുടെ കരകവിരുതും
വൈദഗ്ദ്യവും വിളിച്ചു പറയുന്നുണ്ടു്

ഉളിയും , ചുറ്റികയും കൊണ്ടു ഭാവനയുടെ
നിയോഗത്താൽ ശില്പിയുടെ കരങ്ങൾ
കടുപ്പമേറിയ കല്ലിൽ ചാരുതയോടെ
കൊത്തിയെടുത്ത സ്ത്രീ രൂപത്തെ
ആദ്യമായി കാണുന്നതു പോലെ ശില്പി
ആപാദചൂഢം നോക്കി നിശ്വാസമുതിർത്തു

ഇനി മിനുക്കു പണികൾ മാത്രം
ശില്പത്തിൽ ഉളിയും ചുറ്റികയുമെടുത്തു
ശില്പി കാല്പാദങ്ങളിലും കാൽ വണ്ണകളിലും
ചെത്തി മിനുക്കി ചാരുത കൂട്ടുകയാണു്
ഉയർന്ന മാറിടത്തിൽ തൊട്ടമർത്തി ശില്പി
പ്രതലയളവു വിരലുകളാൽ ഗണിച്ചു 

പ്രതിമക്കും പ്രാണൻ വന്നുയപ്പോൾ
 മാത്രകൾക്കുള്ളിൽ ആ , സ്ത്രീ ശില്പം
ശില്പിയുടെ മേൽ മറിഞ്ഞു വീഴുകയായി
കൂറ്റൻ കരിങ്കൽ ശില്പത്തിനടിയിൽ
ശില്പിയുടെ ക്ഷീണ ശരീരം അമർന്നു
ശില്പി മാറിടത്തിൽ തൊട്ടതും, പ്രതിമ
സമകാലിക പീഢനങ്ങളോർത്തു പോയി .

Thursday, March 7, 2013

മഴയത്തു്



മഴ പെയ്യുകയാണു് ,
തണുപ്പു പൊതിയുകയാണു്
മഴ നനഞ്ഞു , നനഞ്ഞു
ഞാൻ നടക്കുകയാണു്
എന്തിഷ്ടമാണെന്നും മഴയെ
അതിലേറെയിഷ്ടം മഴ നനയലും
കണ്ണാടി പോലെ മാറുകയാണു്
എന്റെ തൂവെള്ള വസ്ത്രം
എന്നാലും മഴയെയത്രയ്ക്കിഷ്ടം

ഇന്നു മുന്നിലായിയവളും
മഴയത്തു നടന്നു പോകുന്നു
ഒരുമിച്ചു നടന്ന വസന്തർത്തു -
ക്കളിലുമവളെന്നും മുന്നിലെത്തും
മഴയത്തു നടക്കുന്നയവളെ
മഴയത്തു നടന്നപ്പോൾ കണ്ടു
അതു , വർഷങ്ങളെത്ര പിന്നിട്ടു

മഴ വെള്ളമൊഴുകുന്ന പാതയിൽ
അവളുടെ കാല്പാദം മാത്രം നനഞ്ഞു
അവൾ മഴ നനായാതെ നടക്കുന്നു
കോരിച്ചൊരിയും മഴയത്തു്
അവളോടു ചേർന്നു കുടയും ചൂടി
 
കൂടെയുണ്ടു്  , ജീവിതസഖാവും
മഴ നനഞ്ഞു നടക്കുന്ന ഞാൻ
മഴയെ പ്രണയിക്കാൻ തുടങ്ങി .

Wednesday, February 27, 2013

സ്വപ്നത്തിന്റെ ചെപ്പു്



സ്വപ്നങ്ങളെയെനിക്കെന്തിഷ്ടമെന്നോ
സ്വപ്നങ്ങൾ കാണുവാനേറെയിഷ്ടം
ഓരോ സ്വപ്നങ്ങളെ  ഞാനെന്നുടെ
മിഴികളിൽ സൂക്ഷിച്ചു വയ്ക്കുകയില്ല
മിഴികളിൽ സൂക്ഷിച്ചൽ സ്വപ്നങ്ങളൊക്കെ
കണ്ണീരിൽ കുതിർന്നലിഞ്ഞു പോകും
ഹൃദയത്തിൽ സൂക്ഷിച്ചാലാ , കനവുകൾ
രുധിരത്തിൽ ലയിച്ചൊഴുകി പോകും
അതു കൊണ്ടാ, പൊൻ കിനാക്കളെ , ഞാൻ
നിൻ , പ്രണയത്തിൻ ചെപ്പിൽ സൂക്ഷിപ്പൂ .

Tuesday, February 12, 2013

സർഗ്ഗപൗർണ്ണമിയുടെ വിനയചന്ദ്രൻ


 
 
 സർഗ്ഗപൗർണ്ണമിയുടെ വിനയചന്ദ്രൻ
 
തലയെടുപ്പുള്ള കവികളോ
തലക്കനം കാട്ടിയകന്നപ്പോൾ
തലയുയർത്തി , മനം കുനിച്ചു
അരികത്തു വന്നു ഞങ്ങടെ
അഴലിനോടൊപ്പം കൂട്ടിരുന്നു
കാടിന്റെ നൊമ്പരങ്ങളും
കടലിന്റെ ഗദ്ഗദങ്ങളുമീ
നോവുകൾക്കു തുല്യമെന്നു
കവിതച്ചൊല്ലി പറഞ്ഞു തന്നു .
ക്ഷുഭിതനാണു ഭവാനെന്നും
പ്രചണ്ഡ വാതമായി മാറും
ചിലപ്പോൾ ,പേമാരി പോലെ
പെയ്തിറങ്ങിയാർത്തലച്ചൊ -
ഴുകി സാഗരം തേടിപ്പോകും
കര കവിയുന്ന നദിയുമാകും .

പ്രണയത്തിന്റെ നൽവഴികൾ
തെളിച്ചു , ജീവാത്മാവിനൊരു
പരംപൊരുൾ കാട്ടിക്കൊടുത്തു
ചിത്ത വിശുദ്ധിയ്ക്കൊരായിരം
പുരാണങ്ങളെന്നുമെഴുതിടൂ
മലയാള കാവ്യ ഭൂവിലെന്നും
നിലാ മഴ പെയ്തിടുന്ന സർഗ്ഗ
പൗർണ്ണമിയുടെ ,വിനയചന്ദ്രൻ

Sunday, February 3, 2013

അപകടം

 അപകടം
 

ഓടി കിതച്ചെത്തി
കാലങ്ങൾ കാതങ്ങൾ
എത്രയെത്ര താണ്ടിയിന്നു
ഞാനാ വണ്ടിക്കരികെ
ആദ്യമായിയെന്നിൽ
നെടു നിശ്വാസമുണർന്നു.

വീണ്ടു കീറിയ പാദങ്ങളി -
ലൊന്നാ വണ്ടിയുടെ
പടിയിലൂന്നവേയാരുടെയോ
അന്ത്യശാസനം കേട്ടതു

പോലെ വണ്ടി നീങ്ങി
വേഗം , മുന്നോട്ടു

 വീണു പോയി താഴെ

ഞാൻ , വണ്ടിച്ചക്രം
നിർദ്ദയമെൻ ദേഹത്തി -
ലൂടെ കയറിയിറങ്ങി
ഞാൻ വേദനിച്ചു പിടഞ്ഞു
കണ്ണിലുടനെ തെളിഞ്ഞു
ആ , വണ്ടിക്കു പിന്നിലെ

എഴുത്തു, കേട്ടു പരിചിതം
ജീവിത വണ്ടിയെന്നു

കിടക്കണം നാളുകളേറെ
സമയമതെത്തും വരേയ്ക്കും
കരിനാക്കാൽ പരുഷമായ
ജനസംസാരം കേ‍ട്ടു ഞാൻ .

Sunday, January 27, 2013

നിഴലിനോടു്


                    നിഴലിനോടു്

വേണ്ട കൂടെ വരേണ്ടെന്നെത്ര വട്ടം
പറഞ്ഞതല്ലേയെന്നിട്ടും വിട്ടു മാറാതെ
കൂടെയെന്തിനു വരുന്നു നീ , പിന്നെയും
ഏകനായി തീർക്കട്ടെയീ തീത്ഥയാത്ര

എന്തിനിത്രയുമക്ഷമ കൂട്ടുകാരാ, വേറെ -
യാരു കൂടെയുണ്ടവസാന യാത്ര വരെ
വിട്ടു പിരിയാതെ ചാരെ ചേർന്നെത്തും
ഞാൻ , നിൻ നിഴലല്ലോയുറ്റ തോഴനും

ഇല്ല വേണ്ട നീയുമെനിക്കു കൂട്ടായി
നിഴലേ , ഒരു ദശാസന്ധിയിൽ
ഒറ്റയ്ക്കാക്കി നീയുമെന്നെ വിട്ടു പിരി -
ഞ്ഞു , നിന്റെ വഴിയെ പോകുമല്ലോ
നന്ദി നിഴലേയെന്നെ വിട്ടു പോകൂ, നീ .

Friday, January 18, 2013

തൂക്കുമരം

തൂക്കുമരം

ഉറങ്ങാൻ കിടന്ന
നിന്നരികിലെത്തിയതന്നു
പുതപ്പിക്കാനായിരുന്നു
എന്നാൽ , നീ ഭയന്നു
പനിച്ചു വിറച്ചതു
അതു കൊണ്ടാണെന്നു
വിധിയെഴുതി

അവരെനിക്കു
തൂക്കു മരം ഒരുക്കി .