Monday, May 27, 2013

ബുൾഡോസർ


ബുൾഡോസറുകൾ
വീടുകളെ ചവച്ചു തുപ്പുന്നു
നാളെ ഇവിടെ
നീണ്ടു നിവർന്നു കിടക്കും
എക്സ്പ്രസ് പാത

വീടു നഷ്ടപ്പെട്ടവരെ
പരിഹസിച്ചു പായും
ഇരുനൂറ്റമ്പതു
കിലോ മീറ്റർ വേഗത്തിൽ
കൊട്ടാര കാറുകൾ

അപ്പോൾ, നഷ്ടപ്പെട്ട
വീടിനെയോർത്തു്
അവർ ശപിക്കുന്നതു് ,
പാവം ബുൾഡോസറിനെ .

Sunday, May 12, 2013

ഗുരുനാഥനും ശിഷ്യയും



വരൂ വീട്ടിലേക്ക്
ഗുരു നാഥൻ പതിഞ്ഞ
ശബ്ദത്തിൽ വിളിച്ചു
ചരിത്രം പഠിപ്പിക്കുമ്പോൾ
ഗുരു നാഥന്റെ
ശബ്ദത്തിനു് പെരുമ്പറയുടെ
മുഴക്കമുണ്ടായിരുന്നതു്
അവളേർത്തു പോയി
പുതിയ പാഠങ്ങൾ
പഠിപ്പിച്ചു താരാമെന്നു
പറയുമ്പോൾ
ഗുരുനാഥന്റെ കണ്ണുകളിൽ
യാചനയായിരുന്നു
ക്ലാസ്സിൽ പേടിപ്പിക്കുന്ന
ഭാവമായിരുന്നു
ഗുരുനാഥന്റെ നോട്ടത്തിനു്
ചരിത്രത്തിന്റെ
ഏതദ്ധ്യായമായിരിക്കും
ഗുരുനാഥൻ
തനിക്കു പറഞ്ഞു തരുന്നതു്
പിന്നാലെ നടക്കുമ്പോൾ
ഗുരുനാഥനോടു്
അവൾ ഒടുവിൽ ചോദിച്ചു .

Friday, May 3, 2013

ദൂരദർശിനിയും മഴമേഘങ്ങളും



ദൂരദർശിനിയിലൂടെ
മഴമേഘങ്ങളെ
ഞാൻ തിരയുകയാണു്
സൂര്യാഘാതം
പൊള്ളിക്കുന്നതു്
ഭൂമിയെയാണല്ലോ

ദൂരദർശിനി
വിദൂരതയുടെ അതിരുകൾ
കടന്നു് എന്റെ കാഴ്ചയെ
കൊണ്ടു പോയി
എവിടെ മഴമേഘങ്ങൾ
ദൂരദർശിനിയിലൂടെ
ഞാൻ കാണുന്നു
മഴമേഘങ്ങൾ ഭൂമി കടന്നു്
ചൊവ്വയിവും ശനിയിലും
ചെന്നെത്തുന്നതു്

അവിടെ പെയ്യും ഇനി മഴ
അവിടെ തളിർക്കും
മരങ്ങളും ചെടികളും
അവിടെ ഒഴുകിടും
അരുവിയും പുഴയും .