Friday, October 26, 2012

മദ്ധ്യവേനലവധി

മദ്ധ്യ വേനലവധി

മദ്ധ്യ വേനലവധിയ്ക്കെന്നും
മുന്നിലായി തെളിയുമാ മുഗ്ദ്ധ വദനം
കണ്മഷിയെഴുതിയ കൺകളിലൂറും
കണ്ണു നീരിനാൽ ചോദിച്ചു കണ്മണി
പോകട്ടെയെന്നെനിക്കു മാത്രം
മനസ്സിലാകും ഭാഷയിലദ്ദിനം
കോളേജു പുസ്തകം മാറോടു
ചേർത്തവൾ കോണിപ്പടികളിറങ്ങി

മറഞ്ഞപ്പോൾ , ചെഞ്ചോര
കൊണ്ടെൻ നെഞ്ചകത്താ ദൃശ്യം
കാലം കദനത്താൽ വരച്ചു വച്ചു 
ഇന്നുമാ ചിത്രത്തിൽ നോവിന്റെ
കൂടു , പൊട്ടിച്ചൊരു ; മുദ്ധ മന്ദഹാസം .

Monday, October 15, 2012

അമ്മയുടെ നുണകൾ


     

അമ്മേ സുഖം തന്നെ !
പാതി തുറന്ന മിഴികളിലൊരു
സ്നേഹപ്പൊൻ തിളക്കം
പാൽ പുഞ്ചിരി , വരണ്ട
ചുണ്ടിൽ മായ്ക്കുന്നു
വ്യാധിയുടെ മാറാലകൾ
പതിഞ്ഞ ശബ്ദം സുഖം
തന്നെ മകനെ, വേണ്ട
വിഷാദം, സുഖം തന്നെ .

 രോഗ പീഢകൾ ഞണ്ടിൻ
 കാലുകൾ , മാംസകല -
കളിലാന്നഴ്ന്നിറങ്ങും
ദുസ്സഹം കൊടും വേദന
മറച്ചിടാൻ പൊഴിച്ചു
നറും പുഞ്ചിരിയമ്മ
വീണ്ടും വരണ്ട ചുണ്ടതിൽ
ആവർത്തിച്ചതു കല്ലു വെച്ച
കൊടും നുണ മാത്രം ;
സുഖം തന്നെ , മകനെ ,സുഖം.

ഇന്ദ്രിയങ്ങളന്നു വേർപാടിൻ
അഗ്നിജ്വാലകളിൽ വെന്തു
നീറിടുന്ന തപ്ത നിമിഷങ്ങളിൽ
അച്ഛനുറങ്ങുന്നുവോയമ്മേ
എന്നുണ്ണി ചോദിച്ചതുമുടൻ
അതേയെന്നുരിയാടിയതും
അമ്മയുടെ ആദ്യത്തെ നുണ

പിന്നെത്ര കല്ലു വെച്ച നുണകൾ
അന്തിക്കത്താഴക്കഞ്ഞി കുടിച്ചു
ഉണ്ണിയാരാഞ്ഞു അമ്മ കഴിച്ചുവോ
കഞ്ഞി? ഒഴിഞ്ഞ കഞ്ഞിക്കലം
സാക്ഷി കഴിച്ചിടാമെന്നു പറഞ്ഞതു
അമ്മയുടെ കല്ലു വെച്ചാരു നുണ

കണ്ണുകളടച്ചു അമ്മ കിടക്കുന്നു
ഉണരുകയില്ലേയെന്നമ്മേ
നെഞ്ചു പിടഞ്ഞു മകൻ ചോദിച്ചു
ഒന്നുമുരിയാടാതെയൊരു നുണ
പറയാതെ അമ്മ കിടക്കുന്നു
 നിശ്ചലം , നിശ്ശബ്ദമായി .

Monday, October 8, 2012

പാഴ്വസ്തു



   തുലാസ്സിലെ തൂക്ക കട്ടിയുടെ ഭാരത്തിനനുസരിച്ചു്
പഴയ പത്രങ്ങൾ , പേപ്പർ തകരം കുപ്പിക്കാരൻ
തന്റെ ഭാണ്ഡത്തിലേക്കു അടുക്കിയടുക്കി വെക്കു
ന്നതു് അയാൾ മകനും മരുമകളും നിഷ്ക്കർഷിച്ച
തനുസരിച്ച് സസൂക്ഷ്മം നോക്കിയിരുന്നു . ഇടക്കു
മരുമകൾ വന്നു് തകരം കുപ്പിക്കാരൻ അധികമായി
എടുത്തു വെച്ച രണ്ടു പത്രങ്ങൾ മാറ്റി വെയ്പ്പിച്ചു
തന്നെ രൂക്ഷമായി നോക്കി പിറുപിറുത്തു കൊണ്ടു

അകത്തേക്കു പോകുന്നതു അയാൾ നിർവ്വികാരത
യോടെ നോക്കി .

      തകരം കുപ്പിക്കാരൻ എടുത്ത പത്രത്തിനും , പാഴ്
സാധനങ്ങൾക്കും തുകയെണ്ണി നല്കി ഗേറ്റു തുറന്നു
കടക്കുന്നതിനിടയിൽ അയാൾ  പിന്നാലെ ചെന്നു 
 തകരം കുപ്പികാരനെ വിളിച്ചു.
" എയ് ഒന്നു നില്ക്കൂ" !
"എന്താ ?" "
പാഴ് സാധനങ്ങൾ തന്നാലിനിയുമെടുക്കാമോ"
"അതിനെന്താ,  എന്താണു്" അയാളതിനുത്തരം പറഞ്ഞില്ല .
തകരം കുപ്പിക്കാരൻ സൈക്കിൾ ചവിട്ടി മുന്നോടു പോകു
ന്നതും നോക്കി അയാൾ ഗേറ്റിൻ ചുവട്ടിൽ  നിന്നു .

Thursday, September 20, 2012

അരികത്തെന്നും

നാളത്തെ പ്രഭാതം 
പൊട്ടി വിടരുമ്പോൾ
എന്നെ കാണാനാകി -

ല്ലയെന്നുമാകാം ,
നാളത്തെ പ്രഭാതം
എനിക്കന്യമാകാം
സൂര്യ രശ്മികൾ നിന്റെ
നീൾ മിഴി പൂക്കളിലേക്കു ,
വന്നണയുമ്പോൾ
അവിടെ കണ്ണുനീർ മഴ

പെയ്യുകയാകാം
എത്രയോയെത്രയോ , ഞാൻ കൊതിച്ചു
നിന്റെ കണ്ണുകൾ
നനയാതിരിക്കാനെന്നും
എന്നാലിന്നു
കണ്ണു നീരിന്റെ വഴിയിലൂടെ
നിന്റെ ആത്മാവു
 നനഞ്ഞു സഞ്ചരിക്കുന്നു .

അരികത്തില്ലാതെ
ഏകന്തതയുടെ ശൂന്യതയിൽ

ബോധ മണ്ഡലത്തിലാ
നൽ സ്മരണകളുടെ
ചില്ലകളിലന്നേരമൊരു
മധുരസ്വപ്നത്തിൻ
പൂ വിടരുമ്പോൾ ,
നീയറിയുന്നുമെന്നുമെൻ ,
സാന്നിദ്ധ്യത്തിൻ നവ സൗരഭ്യം .

Sunday, March 18, 2012

അപരിചിത

എന്തേയെനിക്കു നീയിന്നും
അപരിചിതയാകുന്നു
വിശേഷങ്ങളും,സ്വകാര്യങ്ങളും
പങ്കു വെച്ചിടുമ്പോഴും
യൗവ്വനത്തിന്റെ
തീക്ഷ്ണതകളിലൂടെ
ഇന്ദ്രിയങ്ങളുടെ
ഉയരുന്ന ജ്വാലകളിലൂടെ
നമ്മൾ കടന്നു പോകുമ്പോൾ
ആത്മസ്പർശങ്ങൾ
അപ്രതീക്ഷിതങ്ങളായ
കൊടുങ്കാറ്റായി തീരുമ്പോൾ
തീരം കവിഞ്ഞു
ഇളകി മറിഞ്ഞൊഴുകുന്ന
വൈകാരികതയുടെ
പുഴയിലൊഴുകുമ്പോൾ
എന്തേ നീയപരിചിതയായി

ഒടുവിലൊരു കടുത്ത
സമസ്യയുടെ ഉത്തരം തേടും
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും.

Sunday, January 22, 2012

പിണങ്ങുന്ന സുന്ദരി


പിണങ്ങുമ്പോളാണു
നീ , സുന്ദരി
ഊടും പാവുമിഴുകിയ
കറുത്ത വസ്ത്രം പോലെ
ഈര്‍ഷ്യ , നിന്‍
കണ്മുനകളില്‍
സന്നാഹയാകുമ്പോള്‍ ,

വിറപൂണ്ട നാസിക
മുന്‍ ശുണ്ഠിയുടെ പ്രകമ്പനം
ഉതിര്‍ക്കുമ്പോള്‍
ആന്ദോളനം പോലാ
തല വെട്ടലിലുണരുന്ന -
തോയേഴകിന്‍
വസന്ത ഋതുക്കള്‍ .

പ്രിയേ നീയിണങ്ങുമ്പോള്‍
വ്യാഖ്യാനങ്ങളുടെ
അര്‍ത്ഥ പുസ്തകം
താനെ അടയുകയാണു്
ഇനിയും നീ പിണങ്ങിടൂ
മൂകതയുടെ ഏകാന്ത
വാതായനങ്ങള്‍
ബന്ധിക്കുന്നു ഉപാസകന്‍ .