Saturday, January 8, 2022

കാനൽജലം

 


ചൂടേറ്റു വിണ്ടു കീറും
പാടമെന്നു കരുതി
പടമെടുത്തു പോകും
സഞ്ചാരികളെ,
ഇതൊരു വ്രണിത
ചിത്തത്തിൻ, ഊഷര ഭൂമി.
മഴമേഘജാലം
നിറഞ്ഞിടും മാനമെന്നു
കരുതി കുതുഹലം
പൂണ്ട വേഴാമ്പലുകളെ
ഇതു ദഗ്ദ്ധ മനസ്സിൻ
പുകപടലങ്ങൾ
നാവു നനയ്ക്കുവാൻ
നീർ തടാകമെന്നു
കൊതിച്ചെത്തും
മരുപ്പറവകളെ
ഇതു മോഹഭംഗത്തിൻ
കാനൽജലം.
വിളക്കു തെളിഞ്ഞെന്നു
മോഹിച്ചു ,പാറിവരും
ഈയാംപാറ്റകളെ
ഇതു മരിച്ച പ്രണയത്തിൻ
ശവദാഹം.

Monday, July 29, 2019

വലിച്ചെറിഞ്ഞ കല്ല്





ഇല്ല! പോയ് മറഞ്ഞിട്ടില്ല
ഭ്രമണപഥം വിട്ടകന്നു
കത്തിയെരിഞ്ഞടർന്നു വീണ
ഛിന്നഗ്രഹമതായതില്ല

ദളങ്ങളടർന്നു പൊഴിഞ്ഞു
വാടിക്കരിഞ്ഞു, പിന്നെ
മണ്ണോടുച്ചേർന്നു തീർന്നു
കാഴ്ചയിൽ നിന്നകന്ന
ഹാ! പുഷ്പവുമായില്ല.

ചൂടേറ്റു ജീവനുരുകി
ജഢത്വം വിട്ടകന്നു പോയ്
കാഴ്ചയിൽ നിന്നകന്ന
മഞ്ഞു കട്ടയതായതുമില്ല.

ദൂരേക്കു, വലിച്ചെറിഞ്ഞൊരു
കല്ലു പോലെയിന്നും, നിൻ
ഓർമ്മകളിലെവിടെയോ
സ്വസ്ഥം! കിടപ്പുണ്ട് ഞാൻ .

Thursday, March 21, 2019

അന്ത്യചുംബനം


എന്നു വരുമൊരിക്കലീ മൺകുടിലിൽ
അല്പനേരമെങ്കിലുമുത്സാഹത്തിൻ
മധു രുചിച്ചു മറക്കുവാനരുചികൾ
തന്നിടും , നിത്യശോകത്തെയിനി ,
പോയകാല സ്മൃതികളെ,
വലിച്ചെറിയൂ ,കയ്പു നിറഞ്ഞ കാസ!
എന്നു വരുമൊരു പനിനീർ മലർ
പാറിവരും പോലെന്നരികിലായ്
ജീവിതം , നറുമണം നുകർന്നു
തൃപ്തയാകട്ടെ ചെറു നിമിഷമെങ്കിലും
സർഗ്ഗവാസനകളുടെ നിശ്വാസമേ!
സ്വപ്നരഥത്തിൽ ഹാ ! വന്നിറങ്ങിയ
സൌഭാഗ്യമെൻ ദുരിത വിഷ
ദംശമേറ്റു മരിച്ചു കിടക്കുന്നു ക്ഷണം
ആത്മാവ് നല്കിയന്ത്യ ചുംബനം .

Wednesday, May 3, 2017

സുന്ദരി


അലസഗമനം വിലോലം
അർദ്ധനിമീലമാം നേത്രങ്ങൾ
സംപുഷ്ടം,ആസക്തികളാൽ
ചിന്താ ധാരയോയുഷ്ണ സമേതം
രതികാമനകൾ സമ്മേളിതം
കുടമണി പോൽ കിലുങ്ങും
കങ്കണങ്ങളുമായരികിലേക്കു
കപോലത്തിനു മുറിവേകാൻ
കല്ലു പതിച്ച മൂക്കുത്തിയുമായി
ഉതിരും നിശ്വാസധാരയിൽ
എന്തോ പറഞ്ഞു ചായും
നിശാ വസ്ത്രത്തിലുണ്ടെൻ
അതിസുന്ദരി , പൂനിലാവേ .

Saturday, March 11, 2017

ഇന്ദ്രജാലം


നിലാവൊരു ശയ്യയാകുന്നു
രാത്രിയൊരു കംബളമാകുന്നു
കിനാവോ തെന്നലാകുന്നു
കണ്ണുകളെ പൂക്കളാക്കി
ചൊടികളെ തളിരുകളാക്കി
വിസ്മയിപ്പിക്കട്ടെ
നിന്നെ ഞാനെന്നിന്ദ്രിയങ്ങളുടെ
ഇന്ദ്രജാലത്താൽ .

Tuesday, August 2, 2016

ഉടമസ്ഥനില്ലാത്ത പുരയിടം


ഒരു ഘടകകക്ഷിയുടെ
അയയിലാണു് ഞാനതു് കണ്ടതു്
പത്ര സമ്മേളനത്തിൽ അലക്കിയ
മഹാ പ്രസ്ഥാനത്തിന്റെ
ആത്മാഭിമാനം അങ്ങനെ കീറിപിന്നി


കൗപീനമുടുത്തു കളയും
എന്ന പൗരാണിക നാട്ടു മൊഴിയുടെ
അസംഭവ്യമായൊരു
ദൃശ്യാവിഷ്ക്കാരമായി അതു്
ഫ്രെയിമുകൾ മാറുമ്പോൾ
ദൃശ്യങ്ങൾ കൂടുതൽ വേദനാജനകവും

ഉടമസ്ഥനില്ലാത്ത പുരയിടത്തിൽ
വിഷജന്തുക്കൾ വിഹരിക്കുന്ന
അവസ്ഥയിലങ്ങിനെയെന്റെ
മഹാ പ്രസ്ഥാനം കിടക്കുന്നു.

Friday, June 24, 2016

ന്യൂജെന്നും ഒരു കൺട്രീ ഫെല്ലോയും


ജീൻസിന്റെ വലിച്ചു കീറപ്പെട്ട ഭാഗത്തു് മേൽ കാലിന്റെ
സ്വർണ്ണ തിളക്കം. അവൾ നടന്നു വരുമ്പോൾ കീറി കിട
ക്കുന്ന തുണി ഭാഗം ശരീരാവയവങ്ങൾക്കൊപ്പം താള
ത്തിൽ ഇളകുന്നു. ജീൻസിന്റെ രണ്ടു കാലുറകളുടെയും
ഒരേ ഭാഗം ഇതുപോലെ പിച്ചി കീറിയിരിക്കുന്നു.ടോപിന്റെ
ബട്ടനുകൾ പൊട്ടിയിട്ടുണ്ടു് . ഇന്നർവെയർ സൂക്ഷിച്ചു നോ
ക്കിയില്ലെങ്കിലും വ്യക്തമായി കാണാം..


പെൺകുട്ടി എന്നെ കടന്നു് നടന്നു പോകുന്നു . നടത്തത്തിനു്
നല്ല വേഗമുണ്ടു് . പോലീസു സ്റ്റേഷനിലേക്ക് പോകുകയാകാം
ഞാനുറപ്പിച്ചു . ബലാൽസംഗ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു്
പരാതി കൊടുക്കാൻ പോകുകയാണു് ആ ഹതഭാഗ്യ . ഒട്ടും
സംശയം വേണ്ട . അവൾ സ്റ്റേഷനിൽ പരാതി നല്കട്ടെ
 
എന്നാൽ പെട്ടെന്നു് എന്നിലുണ്ടായ ബോധോദയം എന്നെ
കർമ്മനിരതനാക്കി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളിലൂടെ നഗ്നത
 കാട്ടി നടക്കുന്നതു് ഏതായാലും അനുചിതമാണു് ആപത്ക്കരവും.
മറ്റൊരു പീഢനത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
ഒരു ശ്രദ്ധേയമായ മീറ്റിംഗിൽ പങ്കെടുക്കാൻ പുതിയ മുണ്ടും
ഷർട്ടും വാങ്ങാൻ ഇറങ്ങിയതാണു് ഞാൻ . പെൺ കുട്ടിയെ
ഇങ്ങനെ വിട്ടാൽ പറ്റില്ല . പോലീസുകാരെയും വിശ്വസിക്കാൻ
കഴിയില്ല . തൊട്ടടുത്തുള്ള തുണിക്കടയിൽ കയറി ഷർട്ടും മുണ്ടും
വാങ്ങാൻ കരുതിയ തുകയ്ക്ക് ഒരു ബഡ്ഷീറ്റ് വാങ്ങി ഞാൻ
കടയിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു് പെൺകുട്ടിയുടെ
അരികിലെത്തി. ബെഡ് ഷീറ്റ് വാങ്ങിച്ചതിന്റെ ബാക്കി തുക
ഓട്ടോക്കാരനു കൊടുത്തു് ആ പെൺ കുട്ടിയെ തടഞ്ഞു നിറുത്തി
പുതപ്പെടുത്ത് പുതപ്പിച്ചു് ചുറ്റും കൂടി നിന്നവരോടു് കാര്യം പറഞ്ഞു.
പെൺകുട്ടി കുപിതയായി പുതപ്പു് വലിച്ചെറിഞ്ഞു് എല്ലാവരെയും
അമ്പരപ്പിച്ചു കൊണ്ടു് പറഞ്ഞു ." ഇതാരും വലിച്ചു കീറിയതല്ല
ഇതു ന്യൂജെൻ ആണു് യൂ കൺട്രി ഫെല്ലോ.........  "

Friday, April 15, 2016

ലെഗ്ഗിൻസു്


വാഹനപകടത്തെ തുടർന്നാണു് അയാൾ ആശുപത്രിയിൽ
പ്രവേശിക്കപ്പെട്ടതു്. അറിയപ്പെടുന്ന എഴുത്തുകാരനായനായതു
കൊണ്ടും , ഫേസ് ബുക്കിൽ സജീവമായി മുഴുകുന്നതു കൊണ്ടും
അയാളെ കാണുവാൻ സന്ദർശകരുടെ ഒഴുക്കായിരുന്നു. അയാൾ
ചറ്റ് ചെയ്യാറുള്ള പെൺ സുഹൃത്തുക്കളും അക്കൂട്ടത്തിൽ നിരവധി
ഉണ്ടായിരുന്നു . അതിൽ കുറെ പേർ ഒരേ സമയം കിടക്കക്കു
ചുറ്റും കൂടി നിന്നപ്പോൾ തന്നോടു മാത്രമാണു് ഞാൻ ചാറ്റ് ചെയ്യാ
റുള്ളതു് എന്നു് എഴുതി പിടിപ്പിച്ചതു് അയാൾ ഓർത്തു പോയി.
ലെഗ്ഗിൻസിനെതിരായി അയാളെഴുതിയ ലേഖനവും അയാളുടെ
കിടയ്ക്കക്കരിൽ കൂടി നിന്ന സുഹൃത്തുക്കൾ ചർച്ച ചെയ്തു.
ധീരമായി അഭിപ്രായം പ്രകടിപ്പിച്ചിനു് ചില ഫെമിനിസ്റ്റ് വിരോധി
കൾ ആ സന്ദർഭത്തിലും അയാളെ അഭിനന്ദിക്കാൻ തയ്യാറായി.
വേണമെങ്കിൽ തുണിയുടുക്കാതെ നടക്കും തനിക്കെന്താ? എന്നു്
ചില പെൺ വാജികൾ തന്റെ പോസ്റ്റിനെതിരെ കമന്റുമായി കു
ളമ്പടി നാദമുതിർത്തു വന്നതു് ഒരു ഞെട്ടലോടെ അയാളുടെ മന
സ്സിലൂടെ കടന്നു പോയി.
എങ്ങിനെ അപകടം പറ്റിയെന്നു് എല്ലാം തുറന്നു പറയാറുള്ള
തന്റെ സുഹൃത്തിനോടു്േ അയാൾ പറഞ്ഞു. അന്നു തന്നെ സുഹൃത്തു്
അതു് പോസ്റ്റ് ചെയ്യുകയും ചെയ്തു . പബ്ലിക് പോസ്റ്റ് ആയതിനാൽ
എല്ലാവരും അതു് വായിക്കുകയും ചെയ്തു. ഇതായിരുന്നു ആ പോ
സ്റ്റ്.
ലെഗ്ഗിൻസിനെതിരെ ശക്തമായി സമൂഹ മാദ്ധ്യമത്തിൽ
പ്രതികരിച്ച എന്റെ സുഹൃത്ത് ലെഗ്ഗിൻസ് നിമിത്തം അപകടത്തിൽ
പെട്ടു് ആശുപത്രിയിലായി. സുഹൃത്തു് നഗരത്തിന്റെ ഹൃദയഭാഗത്തു
കൂടെ തന്റെ ഇരുച്ചക്രവാഹനത്തിൽ പോകുമ്പോഴാണു് സിഗ്നൽ
ലൈറ്റ് ചുവപ്പു കണ്ടു് വണ്ടി ബ്രേക്ക് ചെയ്തു് നിറുത്തിയതു് . തെട്ടു
മുന്നിൽ നിറുത്തിയിരിക്കുന്ന ടൂവീലറിൽ ലെഗ്ഗിൻസു് ധാരിയായ സ്ത്രീ.
ശരീര വലിപ്പം കൂടുതലുള്ള അവർ ഇടയ്ക്കിടെ ടോപ്പിന്റെ താഴ് ഭാഗം
താഴോട്ടു വലിച്ചു നീക്കാൻ വൃഥാ ശ്രമം നടത്തുന്നതു് സുഹൃത്തിന്റെ
ശ്രദ്ധയിൽ പെട്ടു .തടിച്ചു കൊഴുത്ത തുടഭാഗം മറയ്ക്കുന്നതിനു് പാഴ്
ശ്രമം പരാജയപ്പെടുന്നതു് സുഹൃത്തു് സസൂക്ഷ്മം ശ്രദ്ധിച്ചു. പച്ച
വെളിച്ചം തെളിഞ്ഞപ്പോഴേക്കും ലെഗ്ഗിൻസു് ധാരിയിലാകൃഷ്ടനായി
സുഹൃത്ത് ആ സ്ത്രീയുടെ സ്കൂട്ടറിനു പിന്നാലെ തന്റെ വണ്ടി വിട്ടു.
ശരിക്കും താഴ് ഭാഗം അനാവൃതമായ ഒരു സ്ത്രീയണു് മുന്നിലെ
വണ്ടിയിലിരിക്കുന്നതെന്ന മനോവ്യാപാരത്തിൽ മുഴുകവെ സുഹൃ
ത്തിന്റെ വാഹനം ദിശ തെറ്റി ഡിവൈഡറിൽ ഇടിച്ചു മറിയുകയും
ചെയ്തു .
പോസ്റ്റ് ടാബ് ലറ്റിൽ കണ്ടു് അയാൾ ലെഗ്ഗിൻസിനെ മനസ്സിൽ
ഭർത്സിച്ചു.

Tuesday, July 28, 2015

തെരുവുനായ്ക്കളുടെ ഇഷ്ട ഭൂമികയിലെ മനുഷ്യ കാലുകൾ


തെരുവിൽ നിറയെ നായ്ക്കൾ .നായയുടെ കടിയേറ്റ് ദിനംപ്രതി
നിരവധി പേർ ചികിത്സ തേടി ആശുപത്രിയിലെത്തുന്നു. തെരുവു
പട്ടികളെ കൊന്നൊടുക്കിയാൽ പ്രശ്നം തീരും .വളരെ എളുപ്പത്തിൽ
തന്നെ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗം അധികാരികൾ കണ്ടെത്തുക
യും ചെയ്തു കഴിഞ്ഞു.എന്നാൽ എന്തു കൊണ്ടാണു് പട്ടികൾ തെരു
വിൽ കൂട്ടത്തോടെ കാണപ്പെടുന്നതു്? , പട്ടികൾ കൂട്ടത്തോടെ തെരു
വുകളിൽ എത്തുവാൻ എന്താണു് കാരണം ?
നമ്മുടെ നഗരങ്ങളിലെ മാലിന്യക്കൂമ്പരങ്ങൾ തന്നെയാണു് നായ്ക്ക
ളെ തെരുവുകളിലേക്കു ആകർഷിക്കാനും കൂട്ടമായി അധിവസിക്കാൻ
പ്രേരിപ്പിക്കുന്നതിനും കാരണം. ഇഷ്ടം പോലെ ഭക്ഷണം അതും
വൈവിധ്യം നിറഞ്ഞതും പല രുചികളിലുമുള്ളവ ലഭിച്ചു കഴിഞ്ഞാൽ
പിന്നെ പട്ടികൾ വേറെ എവിടെയെങ്കിലും പോകേണ്ടതുണ്ടോ?
ഒരു ഫൈവു് സ്റ്റാർ ഹോട്ടലിലെ ലഞ്ചിനും ഡിന്നറിനും ദൈനംദിനം
വിഭവസമൃദ്ധമായി ഒരുക്കിയിരിക്കുന്ന ബുഫെ പോലെ നാനാ
തരം ഭക്ഷണ പദാർത്ഥങ്ങൾ നായ്ക്കൾക്കായി നഗരവാസികൾ
എല്ലാ ദിവസം ഒരുക്കി വെയ്ക്കാറുണ്ടു്. ആവശ്യത്തിലധികം തിന്നു
കൊഴുത്ത പട്ടികൾ പല്ലു തരിപ്പു സഹിയാഞ്ഞു് ( ഭക്ഷണത്തിൽ
നിന്നും കാൽസ്യം അമിതമായി ലഭിക്കുന്നുണ്ടാകും.) മനുഷ്യ കാലുക
ളിൽ യഥേഷ്ം കടിച്ചു് പല്ലു തരിപ്പു മാറ്റാറുള്ളതാണു് ഇപ്പോൾ
നമ്മുടെ നഗരത്തിലെ പ്രധാന പ്രശ്നം. നാട്ടിമ്പുറത്താണെങ്കിൽ വല്ല
കമ്പുകളോ , കൊതുമ്പോ കടിച്ചു കുടഞ്ഞും വീടുകളിലാണെങ്കിൽ
അവിടെ കിട്ടുന്ന കട്ടിയുള്ള ഏതെങ്കിലും വസ്തുക്കൾ കടിച്ചു
കുടഞ്ഞും പട്ടികൾക്ക് ദന്തയസ്വസ്ഥത മാറ്റിയടുക്കാം . തെരുവിൽ
അതിനു കഴിയാത്തതു കാരണം മനുഷ്യരുടെ കാലുകളെ പട്ടി
കൾ നോട്ടമിടുന്നു.
നന്ദിയുടെ പര്യായമായ നായ്ക്കളുടെ ഈ തെരുവു ശല്യത്തിൽ
നിന്നും മോചനം തേടി നായ്ക്കളെ കൊല്ലുക എന്ന ജസ്റ്റിനീയൻ നീതി
നടപ്പാക്കാൻ ശ്രമിക്കുന്നതു് ഒരു പരിഷ്ക്കൃത ജനസമൂഹത്തിനു് ഒട്ടും
തന്നെ അനുയോജ്യമല്ല. തെരുവുകളിൽ നായ്ക്കൾക്കു ഭക്ഷിക്കുവാൻ
പാകത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതെ തെരുവുകൾ , ജനപഥ
ങ്ങൾ മാലിന്യരഹിതമാക്കിയാൽ മാത്രമേ തെരുവുകൾ നായ്ക്കൾ
അധിവസിക്കാത്തവയായി തീരുകയുള്ളു. അങ്ങിനെ പട്ടി കടിയിൽ
നിന്നും നമ്മുടെ കാലുകളെ സംരക്ഷിക്കുകയും ചെയ്യാം.

Saturday, April 25, 2015

വിദേശത്തെ മകൻ


വംഗദേശത്തിന്റെ അതിർത്തിയിൽ റോന്തുച്ചുറ്റുന്ന പതിവു് ഉപജീവനമാർഗ്ഗത്തി
നിടയിൽ വിരസവും മനംമടുപ്പിക്കുന്നതുമായ വിജനതയിൽ, ഗോപാലകൃഷ്ണനു്
ഏക ആശ്വാസമാണു് അജ്മൽഖാന്റെ ചെറിയ ചായക്കട. അതിർത്തി കടന്നു്
ബംഗ്ലാദേശികളും അവരുടെ ആടുകളും എത്തുന്നതു് തടയുക ജാഗരൂകമായ
പ്രവൃത്തി തന്നെയാണു്. ആത്മാർത്ഥതയുള്ള ഒരു അതിർത്തി രക്ഷാ ഭടന്റെ

 കർമ്മനിരതക്കു കോട്ടം തട്ടാതെയാണു് ഗോപാകൃഷ്ണൻ തന്റെ ജോലി നിർവ്വ
ഹിക്കുന്നതു്. ബംഗ്ലാദേശികളെ വിരട്ടി അതിർത്തിയ്ക്കപ്പുറത്തേക്കു് അയയ്
ക്കുന്നതു പോലെ എളുപ്പമല്ല അവരുടെ ആടുകളെ അതിർത്തിയ്ക്കപ്പുറത്തേക്കു്

 ആട്ടിത്തെളിച്ചു വിടേണ്ടതു്. ബംഗ്ലാദേശല്ല ഇത് ഇൻഡ്യയാണു് എന്നു് ആടുക
ളോടു പറഞ്ഞിട്ടു് എന്തു കാര്യം. രണ്ടു രാജ്യങ്ങളിലേയും പച്ചിലകൾക്ക് അടുകളെ

 സംബന്ധിച്ചു് ഒരേ രുചി തന്നെയാണു്. സ്ഥലം മാറ്റം കിട്ടി വന്നിട്ടു് ഒരു മാസ
ത്തിനിടയിൽ ആടുകളുടെ അതിക്രമിച്ചു കടക്കലിനെതിരെയാണു് ഗോപാലകൃ
ഷ്ണന്റെ കർമ്മനിരത പരീക്ഷണ വിധേയമായതു്.


അന്നും ആടുകളെ പണിപ്പെട്ടു് പിന്തിരിപ്പിച്ച ക്ഷീണമകറ്റാൻ ഒരു ഗ്ലാസ് സു
ലൈമാനി കുടിക്കാനായി ഗോപാലകൃഷ്ണൻ അജ്മൽഖാന്റെ ചായക്കടയിലെ
ത്തി. ഉപചാരം പറഞ്ഞു് ചായ ഓർഡർ ചെയ്തപ്പോഴാണു് ഗോപാലകൃഷ്ണൻ
 അജ്മൽഖാന്റെ വേഷവിധാനം ശ്രദ്ധിച്ചതു് . പുതുപുത്തൻ ടീഷർട്ടും ബർമുഡ
യുമാണു് അയാൾ ധരിച്ചിരിക്കുന്നതു്. സാധാരണയായി അഴുക്കു പിടിച്ച കൈ
യ്യുള്ള വെള്ള ബനിയനും കഴുകിയാൽ വെള്ള നിറം ലഭിക്കുമെന്നു് ഉറപ്പിക്കാവു
ന്ന പൈജാമയും ആണു് അയാളുടെ വേഷം . ഗോപാലകൃഷ്ണൻ ഹിന്ദിയും അറി
യാവുന്ന ബംഗാളിയും കൂട്ടിക്കലർത്തി അജ്മൽ ഖാന്റെ വേഷ വിധാനത്തെ
പ്രശംസിച്ചു. സുലൈമാനി നിറച്ച സ്റ്റീൽ ഗ്ലാസു് ഗോപാലകൃഷ്ണനു നേരെ നീട്ടി
പ്രശംസിച്ചതിന്റെ സംതൃപ്തി ഒരു വിടർന്ന പുഞ്ചിരിയിലൊതുക്കി അജ്മൽഖാൻ
ഗോപാലകൃഷ്ണനോടു പറഞ്ഞു
എന്റെ മകൻ വെളിയിലാണു്. അവധിക്കു നാട്ടിൽ വന്നപ്പോൾ കൊണ്ടു വന്ന
താണു്.
എവിടെയെന്ന ഗോപാലകൃഷ്ണന്റെ ചോദ്യഭാവത്തിനു് ഉത്തരമായി അയാൾ
കൂട്ടിച്ചേർത്തു.
കേരൾ, ത്രിവെന്ത്രം.
ദുബായി, സൈദി,കുവൈറ്റ് എന്നൊക്കെ വിചാരിച്ച ഗോപാലകൃഷ്ണൻ അതു
കേട്ടു് ഡൈനാമിറ്റ് പൊട്ടിത്തെറിച്ച സംഭവസ്ഥലത്തെന്ന പോലെ നിന്നു
പോയി.പഴവങ്ങാടിയിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു പോ
കുന്ന ഇടറോഡിലെ തെരുവു കച്ചവടക്കാരനിൽ നിന്നും  കഴിഞ്ഞ അവധി
ക്കു നാട്ടിൽ വന്നപ്പോൾ ബർമുഡയും ടീഷർട്ടും വാങ്ങിയതു് ഗോപാലകൃഷ്ണൻ
സാന്ദർഭികമായി ഓർത്തു പോയി. ഇതിനിടയിൽ രണ്ടു ചെറുപ്പക്കാർ അവിടെ
യെത്തി. അജ്മൽ ഖാൻ ഗോപാലകൃഷ്ണനോടും അവിടെ ചായകുടിയ്ക്കാനെ
ത്തിയ മറ്റുള്ളവരോടുമായി ആ, ചെറുപ്പക്കാരെ ചൂണ്ടിക്കാട്ടി പറഞ്ഞു . അവധി
ക്കു വന്ന എന്റെ മകനും കൂട്ടുകാരനുമാണു്. ആ ചെറുപ്പക്കാർ എല്ലാവർക്കും
 ഹസ്തദാനം നല്കി.. എന്നിട്ടു് മലയാളത്തിൽ സംസാരിച്ചു തുടങ്ങി .അജ്മൽ
ഖാനും മറ്റുള്ളവരും അവരുടെ സംസാരം മനസ്സിലാകാതെ അഭിമാന വിജൃംഭൃ
തരായി ആ, ചെറുപ്പക്കാരെ നോക്കി നിന്നു. ചെറുപ്പക്കാർ രണ്ടു പേരും മലായ
ളത്തിൽ സംഭാഷണം തുടരുകയാണു് . ഇടയ്ക്ക് തങ്ങൾ സംസാരിക്കുന്ന ഭാഷ
മറ്റാർക്കും പിടികിട്ടാത്തതിന്റെ ഗരിമയോടെ ചെറുപ്പക്കാരിരുവരും അവിടെ കൂടി
നിന്നവരെ പ്രത്യേകിച്ചു് ഗോപാലകൃഷ്ണനെ സാഭിമാനം നോക്കി.
.

Saturday, April 11, 2015

സൂര്യകഥകൾ


കിടപ്പറ കഥകളിൽ തന്റെ പേരു കണ്ടു്
സൂര്യഭഗവാൻ കടലിലെടുത്തുച്ചാടിയതാണു്
എന്നിട്ടും മരിയ്ക്കാതെ ജന്മനിയോഗത്തിനായി
വീണ്ടും കുന്നിൻ മുകളിലുറക്കമെണീറ്റു
നഗര കവലകളിൽ സിഗ്നൽ വിളക്കുകൾക്കു
ജീവനേകുന്ന സൗരോർജ്ജ പാനലുകളെ
അസഹ്യതയോടെ നോക്കി നോക്കി
സൂര്യ ഭഗവാൻ വെളിച്ചം വിതറി നടന്നു പോയി
തെട്ടവർക്കുമതറിഞ്ഞവർക്കുമറിയാത്ത
സ്പർശ രതി ലീലകളുടെ എപ്പിസോഡുകളായ
ചാനലുകളിലെ കിടപ്പറ കഥകളിലഭിരമിച്ചു്
ജനം സൂര്യനമസ്ക്കാരം ചെയ്യുകയായി .

Monday, July 14, 2014

ബാല്യകാലസഖി



ബാല്യകാല സഖി , നമ്മുടെ അനുരാഗത്തിന്റെ ദിനങ്ങൾ
എത്രയെത്ര പ്രേമലേഖനങ്ങളിൽ മായതെ ഓർമ്മകൾക്ക്
വായിക്കാൻ കിടപ്പുണ്ടു് . ഒരിക്കൽ നമ്മളെ വേർതിരിക്കുന്ന
മതിലുകൾക്കിരുപുറം ഭൂമിയുടെ അവകാശികളെ പോലെ
രാപ്പകൽ നമ്മൾ സംസാരിച്ചതല്ലേ.നമ്മുടെ ശബ്ദങ്ങൾ
പ്രണയത്തിന്റെ സ്വനഗ്രാഹിയിൽ ഇന്നും കേൾക്കാമായിരി
ക്കും. എന്തെല്ലാം നീ പറഞ്ഞു. പത്തുമ്മയുടെ ആട് ഷർട്ട്
കടിച്ചതും, കുഞ്ഞു പാത്തുമ്മ ന്റുപ്പുപ്പാക്കൊരാനോണ്ടർന്നു
എന്നു വീമ്പു പറഞ്ഞതും കുളക്കടവിൽ പാത്തുമ്മയുടെ
മുട്ടിനു ഏറെ മുകളിൽ കുളയട്ട കടിച്ചു തൂങ്ങിയതും , ഭർഗ്ഗവി
നിലയത്തിൽ ചിലപ്പോൾ നീലവെളിച്ചം മിന്നുന്നതും അങ്ങ
നെ എന്തെല്ലാം. എളളിൻ പൂ പോലെ വിശ്വവിഖ്യതമായ
നിന്റെ മൂക്കിൻ തുമ്പത്തു ശുണ്ഠി പടരുന്നതു കാണാൻ
കൊതിയാകുന്നു . ഒരു മാന്ത്രിക പൂച്ചയെ പോലെ പതുങ്ങി
പതുങ്ങി നമുക്കു ഭൂത കാലത്തേക്കു ചെല്ലാം.

                               നേരും നുണയും കൂടിക്കലരുന്ന ഭൂമിയിൽ
ഒരിക്കൽ വീണ്ടും നമുക്കു ജനിക്കേണം എന്താ നീ ചിരിക്കുന്നേ? .
എന്താ എനിക്കു നൊസ്സാണെന്നോ? അല്ലേ അല്ല. നമ്മൾ
ഇപ്പോഴും ഭൂമിയിലാണു് പൊന്നേ.

Saturday, March 15, 2014

എഴുത്തുകാരന്റെ പ്രതിബദ്ധത



എഴുത്തുകാരൻ സാമൂഹ്യജീവിയാണു് അതിനാൽ സമൂഹത്തിന്റെ
മൂല്യച്യുതികൾ എഴുത്തുകാരനെയും ബാധിക്കും എന്ന വാദം പണ്ടു
കാലം മുതലെ ഉയർന്നു കേൾക്കാറുള്ള അവാസ്തവ പ്രസ്താവ
മാണു് . എത്രയോ ആളുകൾ പണ്ടു് വേടന്റെ കൂരമ്പേറ്റു പിടഞ്ഞു
വീണ ഇണക്കിളിയെ കണ്ടിരിക്കാം . എന്നാൽ മാ!നിഷാദാ എന്നു
ആദ്യ കവിതാ ശകലത്തിലൂടെ ഒരു സാമൂഹ്യ തിന്മയെ വിലക്കാൻ
വല്തീകി എന്ന ആദ്യ കവിക്കേ കഴിഞ്ഞുള്ളു.മറ്റുള്ളവരെ പോലെ
അതൊരു വെറും കാഴ്ചയായി കണ്ടു പോകാൻ വാല്മീകിയിലെ
സർഗ്ഗചേതനക്കു കഴിഞ്ഞില്ല .ഈ സർഗ്ഗ വൈഭവം പേറുന്ന ഒരു
എഴുത്തുകാരനും സാമൂഹ്യ തിന്മയ്ക്കെതിരെയും , അടിച്ചമർത്തലു
കൾക്കെതിരെയും തൂലികയെടുത്തു പ്രതികരിക്കാതിരിക്കാനാവില്ല .

മൈക്കിൾ ഡെ നോസ്റ്റർഡാം പതിനഞ്ചാം നൂറ്റാണ്ടിലെ മതയാഥാ
സ്ഥിതികത്വം എഴുത്തുകാരനെ കൂച്ചുവിലങ്ങിട്ടപ്പോൾ അതിനു വശം
വദനാകാതെ തന്റെ കൃതി ആശയം പെട്ടെന്നു് ഗ്രഹിക്കാൻ സാധി
ക്കാത്ത വിധത്തിൽ പ്രത്യേക രചന രീതിയിലൂടെ, തന്റെ ചിന്തകളും,
ഭാവനകളും പുസ്തകമാക്കി പ്രസിദ്ധീകരിച്ചതു് എഴുത്തുകാരന്റെ
പ്രതിബദ്ധതയുടെ അതിസാഹസികമായ തെളിവാണു് . ഡാർക്ക്
ഏജിൽ യൂറോപ്പു് സംസ്ക്കാരരാഹിത്യത്തിന്റെയും ,അരാചകത്വ
ത്തിന്റെയും നീരാളിപ്പിടുത്തത്തിലകപ്പെട്ടപ്പോഴും ആ തമോ സാമൂ
ഹികവസ്ഥയിലും എത്രയോ എഴുത്തുകാർ തങ്ങളുടെ കൃതികൾ
രചിക്കുകയുണ്ടായി . ആ അന്ധകാരയുഗത്തിൽ പോലും ബിയോ
വുൾഫ് പോലുള്ള കൃതികളുണ്ടായി .എഴുത്തുകാരൻ സമൂഹത്തിലെ
തിന്മകൾക്കെതിരെ പ്രതികരിക്കുകയും എന്തു മൂല്യച്യുതികളുണ്ടായാ
ലും തന്റെ സർഗ്ഗപ്രക്രിയ തുടരുകയും ചെയ്യുമെന്നു് ചരിത്രം നമ്മെ
ഇവ്വിധം ഓർമ്മപ്പെടുത്തുമ്പോൾ സർഗ്ഗവാസന കൈമുതലായുള്ള
എഴുത്തുകാർ തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ പ്രതിജ്ഞാ
ബദ്ധരും ഉത്സാഹശാലികളുമായിരിക്കണം. കാരണം എഴുത്തുകാരൻ
സമൂഹത്തിൽ മറ്റുള്ളവരെക്കാൾ വ്യത്യസ്തനാണു് . അതു ശാസ്ത്ര
ജ്ഞനെക്കാളും, ഭരണാധികാരികളെക്കാളും, ന്യയാധിപനെക്കാളും,
ബുദ്ധി ജീവികളെക്കാളും തീർത്തും വ്യത്യസ്തനാണു് . എഴുത്തുകാര
നിൽ അന്തർലീനമായ സർഗ്ഗസിദ്ധി തന്നെ അതിനു കാരണം.

സമൂഹത്തിലെ പല തലങ്ങളിലും ഇച്ഛാനുസരണം "മാ!നിഷാദാ" ഭംഗി
വാക്കായി ഉപയോഗിക്കുന്നു . തീവണ്ടി യാത്രാ വേളയിൽ സൗമ്യ ആക്ര
മിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്ത ദാരുണ സംഭവം സമൂഹിക
പ്രസ്ഥാനങ്ങൾക്ക് ഒന്നു രണ്ടു ദിവസത്തെ പ്രതിഷേധത്തിനുള്ള ഹേ
തുവും ആക്ടിവിസ്റ്റുകൾക്ക് ഒന്നോ രണ്ടോ മാസം നീണ്ട പ്രതിഷേധ
പ്രദർശനത്തിനു നിദാനമായതുമായിരുന്നു . എന്നാൽ അന്നു മുതൽ
ഇന്നു വരെ സൗമ്യയെക്കുറിച്ചു എഴുത്തുകാർ എഴുതി കൊണ്ടിരിക്കുന്നു.
ഇനിയും എഴുതുകയും ചെയ്യും.അതാണു് എഴുത്തുകാരൻ . ശിരസ്സു വെട്ടി
യെടുക്കുമെന്നറിയാമായിരുന്നിട്ടും എഴുത്തിന്റെ പാതയിലൂടെ നിർഭയം
സഞ്ചരിക്കാൻ തല്പരായ എഴുത്തുകാരുടെ പ്രതിബദ്ധത ചരിത്രത്തിലൂടെ
ഓരോ എഴുത്തുകാരനും സ്വംശീകരിക്കും. എഴുത്തുകാരനു അങ്ങിനയേ

കഴിയൂ .

Monday, February 3, 2014

പൂതനാമോക്ഷം


കാൽച്ചുവടുകളിളകൂ രമണീയം
കഥച്ചൊല്ലിടൂ വിരലുകൾ , കണ്ണുകൾ,
ഇന്ദ്രജാലം, മഹേന്ദ്രജാലമന്നൊരു
രൂപവതിയായി പൂതനയെത്തിടൂ
പാൽമണം പരത്തും പവനൻ വീശുന്ന
അമ്പാടിയിലാനന്ദ സല്ലാപപൂർവ്വം .
 

തരിവളയണിഞ്ഞ താമര കൈയ്യാൽ
കടയുന്നു തൈരിൻ പാല്ക്കടലലസം
കിളിമൊഴികളായമ്പാടി കണ്ണന്റെ
ലീലാ വിലാസം വിളമ്പിടുന്നപ്പോഴും
ഗോപികമാരവർ , ചെന്താമരാക്ഷികൾ
കൂടിയിരിക്കുമവിടെ കുതുഹലം ,
പൂതനയും കൂടി, കണ്ണനു കവരാൻ
തൂവെണ്മ തൂകിടുന്ന , തൈരു കടഞ്ഞു .
വന്ന വിശേഷം വിസ്മരിച്ചു പൂതന
പൈക്കളെ മേയ്ച്ചു നടന്നു പിന്നങ്ങിനെ
പാലു കറന്നു, പൂവിരൽത്തുമ്പാലാദ്യം
പാൽപ്പത തെറിച്ചു വെളുത്തൂ വദനം
അന്നേരമാർദ്രതയുള്ളിലെ കന്മഷം
എല്ലാം കഴുകി കളഞ്ഞതറിഞ്ഞവൾ
അദ്ദിനം തൻ ജീവിതയാത്രയിൽപൂവിടും
പുണ്യമാം സൂനമെന്നുമറിഞ്ഞു , പൂതന .

എന്നാലോ ക്ഷണമാ കംസാജ്ഞ ശീർഷത്തിൽ
വീണിടും, തൂങ്ങി നില്ക്കുന്ന ഖഡ്ഗമല്ലോ !
തുച്ഛമാം ജീവിതം കൃഷ്ണ കരത്താലെ
പരലോകം പൂകി , ധന്യത നേടുവാൻ
അമ്പാടിക്കണ്ണനെ വാരിയെടുത്തുടൻ
ചെഞ്ചോരവായ മുലക്കണ്ണോടു ചേർത്തു
മെല്ലെ, മെല്ലെ പാലുകുടിച്ചു കണ്ണനാ
പ്രാണനെ പതിയെ, വലിച്ചെടുക്കവേ
ഒരു മാത്ര കുതറിത്തെറിച്ചു ; പൂതന
ആയിളംച്ചുണ്ടിനായസ കരുത്താലവൾ
 

ജീവനെകൂടിയും വലിച്ചെടുക്കുമ്പോൾ
പൂതനയറിവൂ മോക്ഷവും, മുക്തിയും
അങ്ങിനെ ദുഷ്ടത വിട്ടകന്നപ്പോളീ
പൂതനയും പുരാണത്തിൽ പുണ്യവതി !
പൂതനാ മേക്ഷ നൃത്തം കഴിഞ്ഞിട്ടും
നർത്തകി വന്നു വണങ്ങി വിളിച്ചിട്ടും
ഞാനുമെന്നുടെ ചിന്തയുമപ്പൊഴും
ലയിച്ചു , പൂതന പുണ്യം നേടിയതിൽ .

Saturday, January 25, 2014

ചുണ്ണാമ്പു ചോദിച്ച യക്ഷി



കരിമ്പനയിൽ നിന്നിറങ്ങി വന്നു യക്ഷി
ചുണ്ണാമ്പു ചോദിച്ചതു പഴയൊരോർമ്മയിൽ
അവൾ ചിരിച്ചപ്പോൾ കൂർത്ത കോമ്പല്ലിന്റെ
ധവളിമ കണ്ണുകളിൽ നിലാവു പരത്തി
അസ്ഥികൾ കടിച്ചു പൊട്ടിച്ചു മജ്ജയത്രയും
ഭക്ഷിച്ചു തീർക്കാൻ യക്ഷി വെമ്പൽ കൊണ്ടു

എന്റെ കൈയ്യിൽ ദൈവത്തിന്റെതായി
ഒരു പുസ്തകവുമില്ല പേടിപ്പിക്കാൻ ,
ഇന്നത്തെ വർത്തമാന പത്രം ചുരുട്ടി
കക്ഷത്തു വച്ചതിൽ യക്ഷിയുടെ കണ്ണുകളുടക്കി
അതിൽ നിറയെ പീഢന വാർത്തകളാണു്
ഭൂതകാലത്തിന്റെ അതിരുകൾ കണ്ടു
ഓർമ്മകൾ തിരികെ വന്നതറിഞ്ഞ യക്ഷി
പെട്ടെന്നു് പേടിച്ചു അപ്രത്യക്ഷയായി .

Monday, December 2, 2013

ഉറങ്ങട്ടെ ഞാൻ



ഒരു ദിവസം നിദ്രയിലാണു
കാതിനിമ്പമായി കേട്ടതു ഞാൻ
മരങ്ങളുടെ കടയ്ക്കൽ
ഒരിക്കലും ,  മഴു കൊണ്ടു വെട്ടി
മരങ്ങളെ വീഴ്ത്തില്ലെന്ന
പ്രതിജ്ഞയുടെ മുഴക്കങ്ങൾ
പറവകളന്നു കൂടുതൽ
ഉച്ചത്തിൽ ശബ്ദിച്ചും ,
ചിറകടിച്ചു  കൂട്ടമായി
ചില്ലകളിൽ പറന്നിറങ്ങി
ഇലകളെ ചുംബിച്ചു  .

ആകാശ കാഴ്ചകളിൽ
പച്ചപ്പരവതാനി  പോലെ
നിരന്നു നിരന്നു  നില്ക്കും
വൃക്ഷക്കൂട്ടങ്ങളിനിയെത്രയോ
കാലങ്ങൾ അതിജീവിക്കും
പറവകൾ  സന്തോഷിച്ചു
ഒരു വരം പോലെ , പിന്നെ
മഴ മേഘങ്ങളും വന്നെത്തുന്നു
വരണ്ടു വീണ്ടു കീറിയ മണ്ണിൽ
പുതു മഴയിനി പെയ്തിറങ്ങും ;
മരങ്ങൾ സ്നനത്തിനു തയ്യാറായി
ഇലകളും ചില്ലകളുമതു പ്രകടിപ്പിക്കുന്നു

അപ്പോൾ
മുറിവേറ്റു പിടഞ്ഞു വീണ മരങ്ങളുടെ
നിശബ്ദ നിലവിളികൾ
ഓർത്തു പോകയായി ഞാൻ
വിരലിലെണ്ണവുന്നവരുടെ
കൂട്ടങ്ങളന്നു മരങ്ങളുടെ
പ്രാണനായി യാചിച്ചു
ജീവൻ നിലനിറുത്തുന്നതിനു
പറവകൾ ഫലങ്ങൾ
ചുണ്ടു കൊണ്ടടർത്തി
ശ്രദ്ധപൂർവ്വം ഇടുമായിരുന്നു
എപ്പോഴോ അവരെത്തി
കൊടുങ്കാറ്റു പോലെ
വായ്ത്തല വെട്ടിത്തിളങ്ങും മഴു
മരങ്ങളെ വെട്ടി മുറിവേല്പിക്കുമ്പോൾ
ആകാവുന്ന പോലെ
ഓരോ മരത്തെ ചുറ്റിപ്പിടിച്ചു
അവർ നിന്നതാണു , പിന്നെ
ആഞ്ഞു പതിച്ച മരത്തോടൊപ്പം
വീഴുമ്പോൾ അടർന്നു മാറാതെ
മരത്തിന്റ വേദനയിൽ വേദനിച്ചു

ഉണാരാനുള്ള വ്യഗ്രത
കണ്ണുകളെ ഗ്രസിക്കുന്നു
വേണമെനിക്കുറക്കം
നിദ്രയുടെ പടവിലിരുന്നാൽ
മരങ്ങൾ വെട്ടി വീഴ്ത്തില്ലെന്ന
പ്രതിജ്ഞ കേൾക്കാം ,
പറവകൾ ചില്ലകളിൽ
പറന്നിറങ്ങി ഇലകളെ
മാറി, മാറി ചുംബിക്കുന്നതും കാണാം .

Thursday, August 8, 2013

മഴയെക്കുറിച്ചു്



ആകാശത്തിലെഴുതിയ
കവിതയ്ക്കേഴു വരികൾ
വായിയ്ക്കാൻ തുടങ്ങവേ
കാർ മേഘക്കൂട്ടം മായ്ച്ചു

പെയ്യുന്ന മഴ മധുരതരമായി
ജലതരംഗം വായിക്കുന്നു
ഗ്രീഷ്മ ജ്വാലകളണഞ്ഞ
പ്രകൃതി ലയിച്ചു പാടുന്നു

തോരാ വർഷധാരയിൽ
കുളിച്ചു മാമരങ്ങൾ തല
കുടഞ്ഞു , പച്ചച്ച മുടിയിഴകൾ
കാറ്റിൽ പാറിയുണങ്ങുന്നു .

Friday, July 19, 2013

തൂവലുകൾ തീർത്ത തീക്കുണ്ഡം



കെടാതെ കാത്തു സൂക്ഷിക്കുന്നു
ഒരു മഞ്ഞു കാലത്തെ തീക്കുണ്ഡം
മരം കോച്ചുന്ന തണുപ്പിൽ നമ്മൾ
വിറച്ചു വിറങ്ങലിക്കനല്ലായിരുന്നു
ഈ തീക്കുണ്ഡം തയ്യാറാക്കപ്പെട്ടതു്

അതൊരു മഞ്ഞു കാലമായിരുന്നു
നല്ലതു പോലെ ചൂടേല്ക്കനായി
കൊതിച്ചു പോകുന്ന മഞ്ഞുകാലം
കൈവെള്ളയിൽ നിന്നുമെന്റെ
കൊച്ചു ജീവിത പ്രതീക്ഷകളെല്ലാം
ഉതിർന്നു പോയ ഒരു ശൈത്യ കാലം
അന്നാണു നീയൊരു പറവയായി
എന്നിൽ നിന്നും പറന്നകന്നതും
നിന്റെ തൂവലുകളെന്നിൽ ; തീക്കുണ്ഡം
ആ , മഞ്ഞു കാലത്തു തീർത്തതും

അണയാതെ കത്തിയുയരും തീനാളം
നിന്റെ സ്മരണകളെ ചിലപ്പോൾ
പുനർജ്ജനിപ്പിക്കും , അതിനാൽ
അണയ്ക്കാതെ തീക്കുണ്ഡത്തെ
ഉള്ളിൽ കാത്തു സൂക്ഷിക്കുന്നു ഞാൻ
അതു തീർത്തതു , നീ പറന്നു പോയതും
ഉതിർന്നു വീണ നിന്റെ തൂവലുകളല്ലോ.

Thursday, July 11, 2013

ആകാശങ്ങളുടെയകലെയാണു പ്രിയൻ


ആലിംഗനത്തിന്റെയൂഷ്മളത
ഒരു അഭിലാഷമനുഭവിക്കുമ്പോൾ
അമൂർത്തമായ പ്രണയത്തിന്റെ
സത്യസന്ധമായ വികാരങ്ങളെന്നിൽ
പകർന്നിടുവൻ വെമ്പൽ കൊള്ളുമ്പോൾ
അവകാശിയായി മനസ്സിൽ മറ്റൊരാളില്ല
ഒരന്യ വസ്തുവായി തീരുന്നു ഞാൻ

ഹാ ! പ്രിയനെ നിനക്കായി രൂപം
പ്രാപിച്ചവളാണല്ലോ ഞാൻ
എന്റെ ഹൃദയത്തിൽ നിറയും നിണമായി
നിന്റെ സാമിപ്യമെന്നെ,  വിലയം ചെയ്യൂ
അപ്പോൾ ആകാശത്തിന്റെയതിരുകൾ
കടന്നു് നിന്റെ കാഴ്ചകളെന്നെ തേടുന്നു
അവിടെ നിന്നു , വിശുദ്ധമായിയെന്നെ വിളിപ്പൂ
ഒരിക്കൽ പുഴകളൊന്നായ മഹാനദിയായി
ജീവിതത്തിന്റെ ധമനികൾ നമ്മൾ തേടി …

വിതുമ്പും ചുണ്ടുകളിലാധിപത്യത്തോടെ
പ്രിയനെ ,ഒരു ദൃഢാലിംഗനത്തിന്റെ
വൃക്ഷ ശിഖരം അമരുമ്പോളെന്റെ
പ്രഥമ രാത്രിയും, ഞാനുംനിശ്ചേതനമാകും
ഒരിക്കലും നീ , അരുതെന്നു പറയരുതേ .

Saturday, July 6, 2013

ഗാന്ധിജിയെ സ്വപ്നംകണ്ട മകൻ


പിതാവിനെ വെട്ടിനുറുക്കി
ഘാതകർ കെന്ന , വേദനകൾ
ചുടല തീർത്തതിൽ കിടന്നു
വേദനിച്ചു പിടഞ്ഞുറങ്ങിയ
മകൻ ഗാന്ധിജിയെ കിനാവു
കണ്ടുണർന്നു പോയി

അവൻ കിടക്ക വെടിഞ്ഞു
കിടപ്പാടം വെടിഞ്ഞു
ചുവന്ന പാതകൾ താണ്ടി
ഗ്രാമങ്ങൾ താണ്ടി
പട്ടണങ്ങൾ താണ്ടി നടന്നു
അവൻ തലയുയർത്തിപ്പിടിച്ചു
നെഞ്ചു വിരിച്ചും കൊണ്ടും
മുന്നോട്ടു പോകുകയാണു്
അച്ഛനെ കൊന്നവർക്കായി
ശിരസ്സും ദേഹവും നേദിക്കാൻ

അവനെ പിന്തുടർന്നു
ആയിരങ്ങൾ തലയുയർത്തി
നെഞ്ചു വിരിച്ചു വരുന്നു
അവരെല്ലാം ഗാന്ധിജിയെ
കിനാവു , കണ്ടവരായിരുന്നു .