Monday, February 3, 2014

പൂതനാമോക്ഷം


കാൽച്ചുവടുകളിളകൂ രമണീയം
കഥച്ചൊല്ലിടൂ വിരലുകൾ , കണ്ണുകൾ,
ഇന്ദ്രജാലം, മഹേന്ദ്രജാലമന്നൊരു
രൂപവതിയായി പൂതനയെത്തിടൂ
പാൽമണം പരത്തും പവനൻ വീശുന്ന
അമ്പാടിയിലാനന്ദ സല്ലാപപൂർവ്വം .
 

തരിവളയണിഞ്ഞ താമര കൈയ്യാൽ
കടയുന്നു തൈരിൻ പാല്ക്കടലലസം
കിളിമൊഴികളായമ്പാടി കണ്ണന്റെ
ലീലാ വിലാസം വിളമ്പിടുന്നപ്പോഴും
ഗോപികമാരവർ , ചെന്താമരാക്ഷികൾ
കൂടിയിരിക്കുമവിടെ കുതുഹലം ,
പൂതനയും കൂടി, കണ്ണനു കവരാൻ
തൂവെണ്മ തൂകിടുന്ന , തൈരു കടഞ്ഞു .
വന്ന വിശേഷം വിസ്മരിച്ചു പൂതന
പൈക്കളെ മേയ്ച്ചു നടന്നു പിന്നങ്ങിനെ
പാലു കറന്നു, പൂവിരൽത്തുമ്പാലാദ്യം
പാൽപ്പത തെറിച്ചു വെളുത്തൂ വദനം
അന്നേരമാർദ്രതയുള്ളിലെ കന്മഷം
എല്ലാം കഴുകി കളഞ്ഞതറിഞ്ഞവൾ
അദ്ദിനം തൻ ജീവിതയാത്രയിൽപൂവിടും
പുണ്യമാം സൂനമെന്നുമറിഞ്ഞു , പൂതന .

എന്നാലോ ക്ഷണമാ കംസാജ്ഞ ശീർഷത്തിൽ
വീണിടും, തൂങ്ങി നില്ക്കുന്ന ഖഡ്ഗമല്ലോ !
തുച്ഛമാം ജീവിതം കൃഷ്ണ കരത്താലെ
പരലോകം പൂകി , ധന്യത നേടുവാൻ
അമ്പാടിക്കണ്ണനെ വാരിയെടുത്തുടൻ
ചെഞ്ചോരവായ മുലക്കണ്ണോടു ചേർത്തു
മെല്ലെ, മെല്ലെ പാലുകുടിച്ചു കണ്ണനാ
പ്രാണനെ പതിയെ, വലിച്ചെടുക്കവേ
ഒരു മാത്ര കുതറിത്തെറിച്ചു ; പൂതന
ആയിളംച്ചുണ്ടിനായസ കരുത്താലവൾ
 

ജീവനെകൂടിയും വലിച്ചെടുക്കുമ്പോൾ
പൂതനയറിവൂ മോക്ഷവും, മുക്തിയും
അങ്ങിനെ ദുഷ്ടത വിട്ടകന്നപ്പോളീ
പൂതനയും പുരാണത്തിൽ പുണ്യവതി !
പൂതനാ മേക്ഷ നൃത്തം കഴിഞ്ഞിട്ടും
നർത്തകി വന്നു വണങ്ങി വിളിച്ചിട്ടും
ഞാനുമെന്നുടെ ചിന്തയുമപ്പൊഴും
ലയിച്ചു , പൂതന പുണ്യം നേടിയതിൽ .

5 comments:

  1. പൂതനാമോക്ഷം നന്നായി

    ReplyDelete
  2. വായിച്ചപ്പോ ഇഷ്ടായി....കവിത നിരൂപിച്ച് പണ്ട് തല്ല് കിട്ടിയത് കൊണ്ട് കൂടുതല്‍ പറയുന്നില്ല

    ReplyDelete
  3. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  4. നല്ലോരു കവിത

    ReplyDelete